ബദിയടുക്ക: റോഡരികിലെ അക്കേഷ്യ മരത്തില്‍ ഇടിച്ച് നിയന്ത്രണംവിട്ട് പന്ത്രണ്ടടി താഴ്ചയിലേക്ക് മറിഞ്ഞ ഒമ്നി വാന്‍ യാത്രികന് പരിക്ക്. വിദ്യാഗിരി ബജെ സ്വദേശി സത്യനാരായണഭട്ടിനാണ് (75) തലയ്ക്കും കാലിനും പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ സത്യനാരായണഭട്ട് വാഹനമോടിച്ച് ഷുഗര്‍ പരിശോധനയ്ക്കായി ബദിയഡുക്കയിലേക്ക് പോകവെ വിദ്യാനഗരി റോഡിലെ നവാക്കാന വളവിലാണ് അപകടമുണ്ടായത്.
ഏറെ സമയത്തിനുശേഷം അതുവഴി പോയ ബൈക്ക് യാത്രികന് പ്രസാദ് മുനിയൂർ അപകടം കണ്ടതിനേത്തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തി ജെസിബി വരുത്തി ഒമ്നി പൊളിച്ച് അതില്‍ കുടുങ്ങിയെ സത്യനാരായണഭട്ടിനെ പുറത്തെടുത്ത് കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലേക്ക് പോയി.
പിന്നാലെ കാസര്‍ഗോഡ് നിന്ന് അഡ്വാന്‍സ്ഡ് റെസ്ക്യൂ ടെന്‍ഡര്‍ വാഹനവും ആംബുലന്‍സും എത്തി. ഭട്ടിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് റെസ്ക്യൂ വാഹനത്തിന്റെയും ജെസിബിയുടെയും സഹായത്തോടെ ഒമ്നി കുഴിയില്‍നിന്നു കയറ്റി.